ADVERTISEMENT
മലപ്പുറം: നിലമ്പൂർ പോലീസ് ക്യാമ്പിനുസമീപം പുലിയിറങ്ങി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം.
ക്യാമ്പിലെ പോലീസുകാരൻ പുലിയുടെ മുന്നിൽപ്പെട്ടു. പൊലീസുകാരൻ ആകാശത്തേക്ക് വെടിയുതിർത്തതോടെ പുലി ഓടിമറഞ്ഞു. നിലമ്പൂർ നഗരസഭ ഒന്നാം ഡിവിഷനിലെ ഡിവൈഎസ്പി ഓഫീസ് ഭാഗത്താണ് പുലി എത്തിയത്.
നിലമ്പൂർ വനം ഓഫീസിന്റെ 500 മീറ്റർമാത്രം അകലെയാണിത്. ഇതിനുസമീപത്ത് പുലി ഭക്ഷിച്ചനിലയിൽ ഒരു മുള്ളൻപന്നിയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.
ഒരുമാസത്തോളമായി മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.
അടിക്കാടുകൾ വെട്ടാത്തതിനാൽ പുലിക്ക് പകൽസമയം ഇവിടെ തങ്ങാൻ കഴിയുമെന്നും ഇത് ജനങ്ങൾക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതായും നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ പറഞ്ഞു. തുടർച്ചയായി പുലിയിറങ്ങുന്ന സാഹചര്യത്തിൽ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :