ADVERTISEMENT
കോട്ടയം: ഇന്ന് കാത്തുകാത്തിരുന്ന തിരുവോണം. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം.
അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജനക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കായിരുന്നു ഉത്രാടദിനം രാത്രി വരെ.
ഓണക്കോടിയുടുത്ത് പൂക്കളമൊരുക്കി രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന സദ്യ തൂശനിലയിൽ ഉണ്ട് തിരുവോണനാൾ അവിസ്മരണീയമാക്കുകയാണ് മലയാളികൾ. സദ്യയ്ക്കു ശേഷം തലമുറകൾ കൈമാറിവന്ന ഓണക്കളികളും ആഘോഷത്തിന് നിറം പകരുന്നു.
തിരുവോണം പ്രമാണിച്ച് ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിലും പ്രത്യേക ചടങ്ങുകൾ നടക്കും. ആറന്മുള ക്ഷേത്രത്തിൽ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. വ്യാഴാഴ്ച വൈകുന്നേരം കാട്ടൂർ ക്ഷേത്രത്തിൽ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയിൽ പുറപ്പെട്ടത്.
Tags : Thiruvonam Onam