ADVERTISEMENT
തൃശൂർ: പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസ് കത്തിനശിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തീ സമീപത്തുണ്ടായിരുന്ന മറ്റ് ബസുകളിലേക്കും പെട്രോൾ പമ്പിലേക്കും പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
മങ്കിടിയിലെ പിസികെ പെട്രോളിയം എന്ന പേരിലുള്ള പമ്പിനോട് ചേർന്നാണ് ആറ് സ്വകാര്യ ബസുകൾ പാർക്ക് ചെയ്തിരുന്നത്. ചാലക്കുടി-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സുഹൈൽ എന്ന സ്വകാര്യ ബസിലാണ് തീപടർന്നതും പൂർണമായി കത്തിനശിക്കുകയും ചെയ്തത്. സമീപത്തുണ്ടായിരുന്ന രണ്ടുബസുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തീപിടിച്ച ബസ് പൂർണമായും കത്തി നശിച്ചു. ഓഫീസിനോട് ചേർന്നുള്ള മുറിക്കും തീപിടിച്ച് നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
സംഭവസമയത്ത് ഇതുവഴി കടന്നുപോയ ഇരുചക്ര വാഹന യാത്രക്കാരനാണ് സംഭവം കണ്ടത്. ഇയാൾ ഫയർഫോഴ്സിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. മാളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മാള പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.
Tags : Thrissur Fuel Station Bus Fire