ADVERTISEMENT
ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ രണ്ടാണ്ട് പിന്നിടുന്ന മണിപ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു.
2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഏകദേശം 60,000 പേര് അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. മണിപ്പുരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.
വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
Tags : Narendra Modi Manipur