ADVERTISEMENT
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22ന് പന്തളത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് ആലോചന.
വിശ്വാസ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പന്തളം കൊട്ടാരത്തിലെത്തി പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിക്കും. ഇതാണ് യഥാര്‍ഥ ഭക്തരുടെ സംഗമം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍എസ്എസ് അടക്കം വിശ്വാസികളെ മുഴുവന്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കുന്നില്ലെങ്കിലും ബിജെപിയുടെ പൂര്‍ണപിന്തുണ പരിപാടിയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം നടക്കുന്നത്. ആഗോള അയ്യപ്പസംഗമം ഒരു വ്യവസായ സംഗമമാണെന്നും അയ്യപ്പനോടും ശബരിമലയോടും സര്‍ക്കാരിന് ആത്മാര്ഥതയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ അയ്യപ്പസംഗമം വെറും കാപട്യമാണെന്നും ഇവര്‍ ആരോപിക്കുന്നു.
Tags : Ayyappa Sangamam Viswasa Sangamam