ADVERTISEMENT
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി. ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് മറുപടി നല്കി.
എം. നന്ദകുമാര്‍, വി.സി. അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Tags : Ayyappa Sangamam High Court