ADVERTISEMENT
ന്യൂയോർക്ക്: പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഈ മാസം 24ന് ന്യൂയോർക്കിലെ ബെത്പേജ് മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ അറിയിച്ചു.
വോളിബോൾ ഇന്ത്യൻ മുൻ ദേശീയ താരം മാണി സി. കാപ്പൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, സംവിധായകനും നടനുമായ ജോണി ആന്റണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിന്റെ കാഷ് അവാർഡും വിജയികൾക്ക് ലഭിക്കുമെന്നും മെട്രോ റീജിയൺ ആർവിപി മാത്യു ജോഷ്വ പറഞ്ഞു. മൾട്ടി സ്പോർട് ഇൻഡോർ സ്റ്റേഡിയത്തിലെ അഞ്ചു കോർട്ടുകളിലായാണ് മത്സരങ്ങൾ.
ഓപ്പൺ പൂളിൽ 12 ടീമുകളും 18 വയസിൽ താഴെ ഉള്ളവരുടെ ആറു ടീമുകളും നാൽപ്പതിന് മുകളിൽ പ്രായമുള്ളവരുടെ ആറു ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കുമെന്നു ടൂർണമെന്റ് കോഓർഡിനേറ്റർ ബിഞ്ചു ജോൺ പറഞ്ഞു.
മത്സരങ്ങൾ രാവിലെ എട്ടിന് ആരംഭിക്കും. പ്രഫഷണൽ റഫറികൾ ആയിരിക്കും കളികൾ നിയന്ത്രിക്കുക. ട്രോഫികളും കാഷ് അവാർഡ് വിതരണവും 24ന് വൈകുന്നേരം ആറിന് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ നടക്കും.
എംഎൽഎമാരാണ് സമ്മാനദാനം നിർവഹിക്കുകയെന്ന് റീജിയണൽ സെക്രട്ടറി മാത്യു ജോഷ്വ(ബോബി) അറിയിച്ചു.
Tags : NK Lukose Volleyball tournament