ADVERTISEMENT
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ അവയവങ്ങൾ നിരവധി പേർക്കു പുതുജീവൻ നൽകി. മസ്തിഷ്കമരണം സംഭവിച്ച പത്തുപേരുടെ അവയവങ്ങൾ നിരവധി ആളുകളിലേക്കു മാറ്റിവയ്ക്കുകയായിരുന്നു.
ദേശീയമാധ്യമമായ കുവൈറ്റ് ടൈംസിനു നൽകിയ അഭിമുഖത്തിൽ പ്രമുഖ ട്രാൻസ്പ്ലാന്റ് സർജനും കുവൈറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്റർ ചെയർമാനുമായ ഡോ. മുസ്തഫ അൽ മൗസവിയാണ് ഇക്കാര്യം അറിയിച്ചത്.
മദ്യദുരന്തത്തിനു പിന്നാലെ 20 പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവരിൽ മസ്തിഷ്ക മരണം സംഭവിച്ചവരും ഹൃദയാഘാതം വന്നവരുമുണ്ടായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയും അവയവദാനത്തിനായി അനുമതി തേടുകയും ചെയ്തു.
12 പേരുടെ ബന്ധുക്കളുമായാണു ബന്ധപ്പെട്ടത്. ഇതിൽ പത്തുപേരുടെ കുടുംബം അനുമതി നൽകി. 20 വൃക്കകൾ, മൂന്ന് ഹൃദയങ്ങൾ, നാല് കരളുകൾ, രണ്ട് ശ്വാസകോശങ്ങൾ എന്നിവ മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഇതിൽ ഹൃദയങ്ങളും വൃക്കകളും കുവൈറ്റിൽത്തന്നെയുള്ള രോഗികളിൽ മാറ്റിവച്ചു. രാജ്യത്ത് കരൾ മാറ്റിവയ്ക്കൽ ചികിത്സ താത്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാൽ കുവൈറ്റി രോഗികളുടെ ശസ്ത്രക്രിയകൾക്കായി കരളുകൾ അബുദാബിയിലേക്ക് അയച്ചതായും ഡോ. മുസ്തഫ അൽ മൗസവി പറഞ്ഞു.
കുവൈറ്റിൽ കഴിഞ്ഞമാസമുണ്ടായ വിഷമദ്യദുരന്തത്തിൽ 160 പേരാണു ചികിത്സ തേടിയത്. ഇതിൽ 23 പേർ മരിക്കുകയും 21 പേർക്കു കാഴ്ച നഷ്ടമാകുകയും ചെയ്തിരുന്നു. 51 പേരുടെ വൃക്കകൾ തരാറിലായി. ഇവർ ഇപ്പോഴും ഡയാലിസിസ് നടത്തിവരികയാണ്.
31 പേർക്കു മെക്കാനിക്കൽ വെന്റിലേഷൻ നൽകേണ്ടിവന്നു. 20 പേർ അത്യാഹിതവിഭാഗത്തിൽ തുടരുകയാണ്. വ്യാജമദ്യ നിർമാണ-വിതരണവുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം ഇതിനോടകം 67 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്. ഇവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
വിഷമദ്യം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന എല്ലാവരെയും ഡിസ്ചാർജ് ചെയ്തശേഷം കരിന്പട്ടികയിൽപ്പെടുത്തി നാടു കടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. 10 വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ കണ്ടെത്തിയതായും ഇവ അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.
Tags : kuwait liquor tragedy