ADVERTISEMENT
കൊല്ലം: അയർലൻഡിൽനിന്നു നാട്ടിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തിയ മലയാളി കുടുംബത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങൾ വിമാനാധികൃതർ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പുത്തൂർ പോലീസ് കേസെടുത്തു. 28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടി കൈയിൽ കിട്ടുമ്പോൾ അവശേഷിച്ചത് 15 കിലോ മാത്രമായിരുന്നു.
ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ അയർലൻഡിലെ വാട്ടർഫോഡിൽ താമസിക്കുന്ന കൊല്ലം കുളക്കട ചെറുവള്ളൂർ ഹൗസിൽ ബിജോയ് കുളക്കട, ഭാര്യ ഷീന മാത്യൂസ്, മകൻ ഡെറിക് ബിജോ കോശി എന്നിവരുടെ മൊബൈലുകളും ലാപ്ടോപ്പുമടക്കം വിലപിടിപ്പുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
ജൂലൈ 23നാണ് ബിജോയ് കുടുംബമായി ഡബ്ലിനിൽ നിന്നു നാട്ടിലേക്ക് യാത്രതിരിക്കുന്നത്. മുംബൈ വഴിയുള്ള കൊച്ചി ഇൻഡിഗോ എയർലൈൻസിലായിരുന്നു യാത്ര. ഡബ്ലിനിൽനിന്ന് നാല് ബാഗേജുകളുമായി പുറപ്പെട്ട കുടുംബത്തിന് മുംബൈയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ തിരികെ ലഭിച്ചത് മൂന്നു ബാഗേജുകൾ മാത്രം.
മൊബൈലുകളും ലാപ്ടോപ്പും അടങ്ങിയ 28 കിലോയുടെ നാലാമത്തെ ബാഗേജ് തിരികെ ലഭിച്ചില്ല. രേഖകളടക്കം നിരത്തി വിമാന അധികൃതർക്ക് ബിജോയ് പരാതി നൽകി. ഒടുവിൽ 30ന് ഇൻഡിഗോ പ്രതിനിധികൾ നേരിട്ട് ബാഗേജ് എത്തിക്കുകയായിരുന്നു.
28 കിലോ തൂക്കം ഉണ്ടായിരുന്ന പെട്ടിയിൽ അവശേഷിച്ചത് 15 കിലോ മാത്രം. ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പലതും നഷ്ടമായി. അന്വേഷണം നടക്കുകയാണ് എന്നാണ് വിമാന കമ്പനി അധികൃതർ പറയുന്നത്.
സംഭവം ചൂണ്ടിക്കാട്ടി കേരള പോലീസിനും ബിജോയ് പരാതി നൽകിയിരുന്നു. കൊല്ലം ജില്ലയിലെ പുത്തൂർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Tags : IndiGo passenger luggage missing