ADVERTISEMENT
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ - കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
യുകെ ചങ്ങനാശേരി സംഗമം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ, മനോജ് തോമസ് ചക്കുവ, സെബിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കൗൺസിലർ ബൈജു തിട്ടാല, അഡ്വ ഫ്രാൻസിസ് മാത്യു, ലോകകേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, സുജു കെ. ഡാനിയേൽ, സോബിൻ ജോൺ, തോമസ് മാറാട്ടുകളം, സാജു നെടുമണ്ണി, ജിജോ ആന്റണി മാമ്മൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബെഡ്ഫോർഡിൽ നിന്നുള്ള ആന്റോ ബാബു, പീറ്റർ ബറോയിൽ നിന്നുള്ള ഫെബി ഫിലിപ്പ്, കിംഗ്സ്ലിനിൽ നിന്നുള്ള പോൺസി ബിനിൽ, നോട്ടിംഗ്ഹാമിൽ നിന്നുള്ള ബഥനി സാവിയോ എന്നിവർ സംഗമത്തിൽ ആങ്കർമാരായി.
ജോമേഷ് തോമസ്, ജോബിൾ ജോസ് എന്നിവർ സാങ്കേതിക സഹായം നൽകി. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ചങ്ങനാശേരിക്കാരായ പ്രാവാസികൾ ഒറ്റയ്ക്കും കുടുംബ സമേതവും അവതരിപ്പിച്ച കലാപരിപാടികൾ സംഗമത്തിന് കൂടുതൽ മിഴിവേകി.
ജോബ് മൈക്കിളിന്റെ സാനിധ്യവും യുകെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ നാട്ടുകാരായ നൂറ് കണക്കിന് ചങ്ങനാശേരിക്കാരുടെ പ്രാധിനിധ്യവും കൊണ്ട് സമ്പന്നമായ ചങ്ങനാശേരി സംഗമം കൂടുതൽ ഊർജസ്വലതയോടെ നടത്താനുള്ള തയാറെടുപ്പിലാണ് സംഘാടകർ.
Tags : changanassery sangamam UK Job Maichil MLA