ADVERTISEMENT
ഭോപ്പാൽ: മധ്യപ്രദേശിലെ സ്കൂളിൽ പ്രധാനാധ്യാപകൻ കുട്ടികളെ അതി ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സിയോണി ജില്ലയിലെ കുറൈയിലെ അർജുനി ഗ്രാമത്തിലുള്ള ഗവൺമെന്റ് പ്രൈമറി സ്കൂളിലാണ് സംഭവം.
ഓഗസ്റ്റ് 26ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രധാന അധ്യാപകൻ മഹേഷ് ചൗധരി, ആറു വയസുകാരനായ രലി ഭലവി എന്ന കുട്ടിയുടെ വായിൽ കൈവച്ച് അമർത്തുന്നതും കുട്ടിയെ നിലത്ത് കിടത്തിയതിന് ശേഷം നട്ടെല്ലിന്റെ ഭാഗത്ത് വടി വച്ച് ശക്തിയായ അമർത്തുന്നതും വീഡിയോയിൽ കാണാം.ഇതേതുടർന്ന് കുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായി. കൂടാതെ ഇയാൾ ഒരു പെൺകുട്ടിയെ മർദിക്കുന്നതും വീഡിയോയിലുണ്ട്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് മാതാപിതാക്കൾ പറയുന്നു. കുട്ടികളെ പതിവായി ആക്രമിക്കുന്ന ചൗധരിക്കെതിരെ നിരവധി പരാതികളാണ് ഉയരുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാകേഷ് സനോദിയ സ്കൂളിൽ മിന്നൽ പരിശോധന നടത്തി മഹേഷ് ചൗധരി വിദ്യാർഥികളെ ശാരീരികമായി പീഡിപ്പിക്കുന്നതായി സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു.
മർദന വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ ഭരണകൂടം, മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ആദിവാസി കാര്യ വകുപ്പിന്റെ അസിസ്റ്റന്റ് കമ്മീഷണർ അമർ സിംഗ് ഉയികെ, ചൗധരിയെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ചു.
അതേസമയം, രവി ഭലവിയുടെ പിതാവ് വിജയ് ഭലവിയുടെ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296, 115(2) എന്നിവയ്ക്കൊപ്പം എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ ഉൾപ്പെടുത്തിയതാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags :