ADVERTISEMENT
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ യഥാർഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിഎൽഒമാർക്ക് പൗരത്വം തീരുമാനിക്കാൻ കഴിയില്ല എന്ന് കപിൽ സിബൽ വാദിച്ചു. ആധാർ രേഖയായി കണക്കിലെടുക്കണമെന്ന് കോടതി ഉത്തരവ് ബിഎൽഒമാർ പാലിക്കുന്നില്ല. ആധാർ അംഗീകരിക്കാനുള്ള നിർദ്ദേശം ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല എന്ന് സിബൽ സുപ്രിംകോടതിയിൽ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Tags : Aadhaar Bihar voter Supreme Court