ADVERTISEMENT
പാലക്കാട്: കോൺഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് മെമ്പർമാരെയും തെരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ചായിരുന്നു റിയാസ് കോൺഗ്രസ് വിട്ടത്. റിയാസിനെതിരായ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് റിയാസ് പറഞ്ഞു. തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.