ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയഘടകം സംഘടിപ്പിച്ച 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി, പ്രശസ്ത മലയാളം പിന്നണി ഗായകൻ പന്തളം ബാലൻ, സുനീഷ് വാരനാട്, അറ്റോർണി ജോസ് കുന്നേൽ എന്നിവരെ ആദരിച്ചു.
രാജ്മോഹൻ ഉണ്ണിത്താന് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പൊന്നാട അണിയിക്കുകയും ചാപ്റ്റർ ചെയർമാൻ സാബു സ്കറിയ ഫലകം സമ്മാനിക്കുകയും ചെയ്തു.
പന്തളം ബാലനെ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ പൊന്നാട അണിയിക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ ഫലകം സമ്മാനിക്കുകയും ചെയ്തു. സുനീഷ് വാരനാടിനെ വൈസ് പ്രസിഡന്റ് കുര്യൻ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ജോസ്കുന്നേലിനു വേണ്ടി ഫിലിപ്പോസ് ചെറിയാൻ ഫലകം ഏറ്റുവാങ്ങി. പരിപാടിയോടനുബന്ധിച്ചു പൊതുജനങ്ങൾക്ക് വേണ്ടി നടന്ന നറുക്കെടുപ്പിൽ സമ്മാനങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ വിതരണം ചെയ്തു.
ഒന്നാം സമ്മാനമായി ഇന്ത്യയിലേക്കുള്ള എയർ ടിക്കറ്റ് വറുഗീസ് ഇലഞ്ഞിമറ്റത്തിനു ലഭിച്ചു. രണ്ടാം സമ്മാനം നൈനാൻ മത്തായിക്കും മൂന്നാം സമ്മാനം മനോജ് ലാമണ്ണിലിനുമാണ് ലഭിച്ചത്.