ഹൂസ്റ്റണ്‍: ടെക്സസ് ഇന്റര്‍നാഷനല്‍ സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ(ടിസാക്ക്) രാജ്യാന്തര വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്മാരായി. ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി.
ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനം നേടി. ന്യൂയോര്‍ക്ക് കിംഗ്സാണ് നാലാം സ്ഥാനത്തെത്തിയത്. ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിൽ നടന്ന ടിസാക്കിന്റെ നാലാം സീസണ് വടംവലി മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആറായിരത്തിലധികം കാണികളാണ് എത്തിച്ചേർന്നത്.
ചാമ്പ്യന്മാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീമിന് 8001 ഡോളറും ട്രോഫിയും ലഭിച്ചു. കുളങ്ങര ഫാമിലി നേതൃത്വം നൽകിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ ടീമിന് 6001 ഡോളറും ട്രോഫിയും ഗാലക്സി ഡബ്ലിന്‍ അയര്‍ലന്‍ഡിന്4001 ഡോളറും ട്രോഫിയും ന്യൂയോര്‍ക്ക് കിംഗ്സിന് 2001 ഡോളറും ട്രോഫിയും ലഭിച്ചു.
അഞ്ചാം സ്ഥാനത്തെത്തിയ ഹൂസ്റ്റണ്‍ ബ്രദേഴ്സ്, ആറാം സ്ഥാനക്കാരായ ഗരുഡന്‍സ് ടൊറന്റോ, ഏഴാം സ്ഥാനക്കാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലാക്ക്, എട്ടാം സ്ഥാനക്കാരായ ഹോക്സ് കാനഡ എന്നിവർക്ക് 1001 ഡോളർ വീതവും സമ്മാനം നൽകി.