ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്തന്‍പടം "തുടരും' റിലീസിനൊരുങ്ങി. ഓപ്പറേഷന് ജാവയും സൗദി വെള്ളയ്ക്കയുമൊരുക്കിയ തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലാണ് മലയാളത്തിന്റെ പ്രിയതാരസംഗമം. റാന്നിയിലെ ടാക്സി ഡ്രൈവര്‍ ഷണ്മുഖനും പ്രണയത്തിലും കുസൃതികളിലും അയാൾക്കൊപ്പം തുടരുന്ന വീട്ടമ്മ ലളിതയുമാണ് ഈ വൈകാരിക യാത്രയിലെ സഹയാത്രികർ.
നാടകീയമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുമ്പോഴുണ്ടാകുന്ന വൈകാരിക സ്ഫോടനങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ ഫാമിലിഡ്രാമ. അയ്യോ! എനിക്കും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥപറച്ചിലാണ് ഇതില്‍' -തരുണ്‍മൂര്‍ത്തി സണ്‍ഡേ ദീപികയോടു പറഞ്ഞു.
കെ. ആര്. സുനിലിനൊപ്പം തിരക്കഥയെഴുത്തില്‍ പങ്കാളിയായത്..?
ഇതിന്റെ കഥയും ആദ്യ തിരക്കഥയും കെ.ആര്. സുനില്‍ എന്ന ഫോട്ടോഗ്രാഫറുടേതാണ്. സൗദി വെള്ളയ്ക്ക കണ്ട് "ഏറ്റവുമിഷ്ടപ്പെട്ട സിനിമ'എന്നുപറഞ്ഞ് രജപുത്ര രഞ്ജിത്തേട്ടന് എന്നെ വിളിച്ചു. ഒരു സബ്ജക്ട് ഉണ്ടെന്നും അതു മോഹന്‍ലാലിനുവേണ്ടി ചെയ്താലോ എന്നും ചോദിച്ചു. കൂടിക്കാഴ്ചയില്‍ ഒരു കഥാപാത്രത്തെപ്പറ്റിയും അതു കടന്നുപോകുന്ന ആദ്യ പകുതിയെപ്പറ്റിയുമാണു പറഞ്ഞത്. അതില്‍ത്തന്നെ ഞാന്‍ ഓക്കെയായി. സുനിലുമായി ആലോചിച്ച ശേഷം എന്റേതായ രീതിയില്‍ രണ്ടാം പകുതിയൊരുക്കാനും പറഞ്ഞു. ഈ കഥ എന്റേതായ രീതിയില്‍ വര്‍ക്ക് ചെയ്ത ശേഷം ഒരുമിച്ചു തിരക്കഥ വായിച്ച് അഭിപ്രായ സമന്വയത്തിലെത്താം എന്നതായിരുന്നു സുനിലേട്ടന്റെ തീരുമാനം.
ഒരു രാത്രിയാത്രയില്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഒരു മധ്യവയസ്കനും സുഹൃത്തും മതില് ചാരിനിന്നു വണ്ടികളുടെ യാര്‍ഡിലേക്കു നോക്കുന്നതു സുനില്‍ കാണാനിടയായി. അയാള്‍ക്കു പറയാന്‍ ഒരു കഥയുണ്ടെന്നു തോന്നി. ആ കാഴ്ചയില്‍നിന്നു രൂപപ്പെടുത്തിയ കഥ നാലഞ്ചു വര്‍ഷംമുമ്പ് സുനിലും രഞ്ജിത്തേട്ടനും ലാലേട്ടനോടു പറഞ്ഞപ്പോള്‍ അദ്ദേഹവും ആവേശത്തിലായി. പക്ഷേ, കഥയുമായി പൊരുത്തപ്പെടുന്ന സംവിധായകനെ കിട്ടിയില്ല.
അന്നതു നടക്കാതെ പോയതിന്റെ സങ്കടങ്ങളും എന്നാണ് ഈ സിനിമ ചെയ്യുന്നത് എന്ന ലാലേട്ടന്റെ ചോദ്യങ്ങളും അനുഭവിച്ചതു സുനിലാണ്. ഇതില്‍ ഞാനൊരു ഷോട്ടെടുക്കവേ, ഇത്ര നാള് കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നുവെന്നു പറഞ്ഞ് സുനിലേട്ടന് എന്നെ കെട്ടിപ്പിടിച്ചു!
മോഹന്‍ലാലിനൊപ്പം ശോഭന..?