വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താൻ സാധ്യത. ഈ ഒക്ടോബറിൽ ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തിൽ വെച്ചാണ് കൂടിക്കാഴ്ച.
വ്യാപാര, സുരക്ഷാ ബന്ധങ്ങളിൽ നിർണായകമായേക്കാവുന്ന ചർച്ചകൾ നടക്കുമെന്നാണ് വിവരം. അതേസമയം ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ആദ്യം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. ഇതിനു മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചൈനയും ചുമത്തി. കഴിഞ്ഞ മാസം ഉയർന്ന തീരുവനിരക്കുകൾ പുനരാരംഭിക്കാനിരിക്കെ, ചർച്ചകൾ തുടരാൻ അനുവദിക്കുന്നതിനായി നവംബർ വരെ ഇത് മാറ്റിവച്ചുകൊണ്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു.
ഇതിനുപിന്നാലെ ട്രംപിനെ ചൈന സന്ദർശിക്കാൻ ഷി ക്ഷണിച്ചിരുന്നു. ട്രംപ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദർശനം എന്നെന്ന് ഇതുവരെയും നിശ്ചയിച്ചിട്ടില്ല.