ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ ആധുനിക കേരള ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു മധ്യ തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് നടന്ന കാർഷിക കുടിയേറ്റം. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1926 മുതൽ തിരുവിതാംകൂറിലെ പഴയ മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, വൈക്കം, ചെങ്ങനാശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ താലൂക്കുകളിലെ ചെറുകിട കർഷകർ കൃഷിഭൂമി തേടി ബ്രിട്ടീഷ് മലബാർ ജില്ലയിലെ ചിറക്കൽ, കോട്ടയം (വടക്കൻ മലബാർ) കുറുമ്പ്രനാട്, വയനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പാലക്കാട് തുടങ്ങിയ താലൂക്കുകളിലേക്കും കൂടാതെ മലബാറിനോട് ചേർന്ന് കിടക്കുന്ന തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലേക്കും കർണാടകയിലെ കൂർഗ്, സൗത്ത് കാനറാ, ഷിമോഗ, തുടങ്ങിയ സ്ഥലങ്ങളിലേക്കും കുടിയേറി കൃഷി നടത്തി, സ്ഥിര താമസം തുടങ്ങിയ പ്രക്രിയയായിരുന്നു മലബാർ കുടിയേറ്റം എന്നത്.
മണ്ണാർക്കാട്, കുറ്റ്യാടി, പേരാവൂർ, ആലക്കോട്, പേരാമ്പ്ര, സുൽത്താൻ ബത്തേരി, പയ്യമ്പള്ളി, തരിയോട് തുടങ്ങിയവയായിരുന്നു മലബാറിലെ ആദ്യകാല കുടിയേറ്റകേന്ദ്രങ്ങൾ. രണ്ടാം ലോക മഹായുദ്ധത്തോടെ (1939-1945) ശക്തിപ്രാപിച്ച കുടിയേറ്റം മലബാറിൽ ഭൂമിയുടെ ലഭ്യത കുറഞ്ഞതോടെ ഏതാണ്ട് 1975ൽ അവസാനിച്ചു. മലബാറിന്റെ വിവിധ മലയോരങ്ങളിലേക്ക് നാലു ലക്ഷത്തോളം ആളുകൾ ഈ കാലഘട്ടത്തിൽ കുടിയേറിയതായി കണക്കാക്കുന്നു. തിരുവിതാംകൂറിൽനിന്ന് കുടിയേറിയ കർഷകരിലധികവും സുറിയാനി ക്രിസ്ത്യാനികളും ഈഴവരും ആയിരുന്നു. ഇവരെ കൂടാതെ നായർ, മുസ്ലിം, ദളിത് വിഭാഗത്തിൽപ്പെട്ടവരും മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്.
കുടിയേറ്റത്തിന്റെ പശ്ചാത്തലം
മധ്യതിരുവിതാംകൂറിൽ പൊതുവേ കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ക്രിസ്ത്യാനികളും ഈഴവരും നേരിട്ട പ്രധാന പ്രശ്നം ജനസംഖ്യാ വർധനവും ഭൂമിയുടെ ലഭ്യതക്കുറവുമായിരുന്നു. പൊതുവെ തിരുവിതംകൂറിലെ സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങളിൽ കൂടുതൽ അംഗസംഖ്യ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് കൃഷി ചെയ്യാൻ ആവശ്യത്തിന് ഭൂമി ഉണ്ടായിരുന്നില്ല.
രണ്ടാം ലോകയുദ്ധത്തോടെ (1939-1945) തിരുവിതാംകൂറിൽ പട്ടിണിയും ക്ഷാമവും രൂക്ഷമായി മാറി. 1942ൽ ജപ്പാൻ, ബർമ പിടിച്ചെടുത്തതോടെ ബർമയിൽനിന്നുള്ള അരി ഇറക്കുമതി അവസാനിക്കുകയും ഇത് തിരുവിതാംകൂറിൽ വലിയ ഭക്ഷ്യക്ഷാമത്തിന് കാരണമാകുകയും ചെയ്തു. അരിയുടെ വില ഇരട്ടിയിലധികമായി മാറിയതോടെ കർഷകർ നെൽകൃഷിക്ക് അനുയോജ്യമായ ഭൂമി തേടി കുടിയേറ്റത്തിന് തയാറായി.
തിരുവിതാംകൂർ ദിവാനായി സി.പി. രാമസ്വാമി അയ്യർ 1936ൽ നിയമിതനായത് സുറിയാനി ക്രിസ്ത്യാനികൾക്ക് വലിയ തിരിച്ചടിയായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ഭാഗമായി ക്രൈസ്തവർ വലിയ തോതിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തത് ദിവാന്റെ എതിർപ്പ് വർധിക്കാൻ കാരണമായി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി. പള്ളികളും സെമിത്തേരികളും സ്ഥാപിക്കുന്നതിനും കർശന നിയമങ്ങൾ അദ്ദേഹം ഏർപ്പെടുത്തി. ക്രിസ്ത്യാനികളുടെ സാമ്പത്തിക അടിത്തറ തകർക്കാൻ പാലാ സെൻട്രൽ ബാങ്ക് അടച്ചു പൂട്ടി. ക്വയിലോൺ നാഷണൽ ബാങ്ക് 1938ൽ ലിക്വിഡേറ്റ് ചെയ്തത് തിരുവിതാംകൂർ കർഷകരെ കടക്കെണിയിലാക്കി. കടക്കെണിയിലായ കർഷകർക്ക് അന്ന് തിരുവിതാംകൂറിൽ മറ്റൊരു ജോലിസാധ്യതയും ഉണ്ടായിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹൈറേഞ്ചിലേക്ക് കർഷകർ നടത്തിയ കുടിയേറ്റം മലബാറിലേക്ക് കുടിയേറുന്നതിന് വലിയ പ്രചോദനമുണ്ടാക്കി. പാട്ട വിളംബരം 1865 പ്രഖ്യാപിച്ചതോടെ തിരുവിതാംകൂറിലെ പണ്ടാരവക ഭൂമിയിൽ കുടികിടപ്പുകാർക്ക് സ്ഥിരാവകാശം ലഭിച്ചു. പിന്നീട് ഈ ഭൂമി വിറ്റ് മലബാറിൽ ഭൂമി വാങ്ങാനാവശ്യമായ മൂലധനം കണ്ടെത്താൻ കുടിയേറ്റക്കാർക്ക് സഹായകരമായി.
തിരുവിതാംകൂർ കർഷകരുടെ മലബാറിലെ പ്രധാന ആകർഷണം ഇവിടത്തെ കൃഷിഭൂമിയുടെ ലഭ്യതയായിരുന്നു. മലബാറിലെ കൃഷിഭൂമിയിലധികവും സ്വകാര്യ വനമായി ജന്മിമാരുടെയും ദേവസ്വത്തിന്റെയും കൈവശമായിരുന്നു. 1945ലെ സർവേ അനുസരിച്ച് 3106 ചതുരശ്ര കിലോമീറ്റർ സ്വകാര്യവനം 116 ജന്മിമാരുടെയും ദേവസ്വത്തിന്റെയും കൈവശമാണെന്ന് തിട്ടപ്പെടുത്തിയിരുന്നു.
100 ഹെക്ടർ മുതൽ 40,000 ഹെക്ടർ വരെ ഭൂമി കൈവശം വച്ചിരുന്ന ജന്മിമാരായിരുന്നു ഇവർ. നെൽകൃഷി ഒഴികെ മറ്റ് കൃഷികളൊന്നും ചെയ്യാതെ വനമായി കിടന്നിരുന്ന ഈ ഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങളായിരുന്നു ഈ ജന്മിമാരുടെ പ്രധാന വരുമാനം.
ബ്രിട്ടിഷുകാരുടെ കപ്പൽ നിർമാണത്തിനും റെയിൽവേ നിർമാണത്തിനും മറ്റാവശ്യങ്ങൾക്കുമായി "കുറ്റിക്കാണം’ വ്യവസ്ഥയിൽ വൻകിട കമ്പനികളായിരുന്നു ജന്മിമാരിൽനിന്നു മരം വാങ്ങിയിരുന്നത്.
തിരുവിതാംകൂറിനെ അപേക്ഷിച്ച് മലബാറിൽ ഭൂമിക്ക് വില വളരെ കുറവായിരുന്നു. തിരുവിതാംകൂറിൽ 1941ൽ ഒരു ഏക്കർ ഭൂമിക്ക് 200 രൂപയായിരുന്നു വിലയെങ്കിൽ മലബാറിൽ 30 മുതൽ 40 രൂപ വരെ ആയിരുന്നു വില. ഇത് കൂടാതെ അംശം (വില്ലേജ് ) അധികാരിമാരുടെ കീഴിലുണ്ടായിരുന്ന റവന്യൂ ഭൂമിയിൽ നിശ്ചിത തുക പാട്ടം നൽകിയും കുടിയേറ്റക്കാർ കൃഷിനടത്തിയിരുന്നു.
"മറുപാട്ട' വ്യവസ്ഥ
മലബാറിൽ എത്തിച്ചേർന്ന ഭൂരിഭാഗം കർഷകരും "മറുപാട്ട' വ്യവസ്ഥയിലാണ് ജന്മിമാരിൽനിന്നു ഭൂമി വാങ്ങിയിരുന്നത്. ഒരു ഏക്കർ പാട്ട ഭൂമിക്ക് 20 മുതൽ 50 വരെ "മാനുഷം’ എന്ന പേരിൽ ഭൂമിവില നൽകിയായിരുന്നു കർഷകർ ഭൂമി പാട്ടത്തിന് വാങ്ങിയിരുന്നത്. കൂടാതെ കരഭൂമിക്ക് ഏക്കറിന് 2.5 രൂപ പാട്ടവും വയലിന് ഏക്കറിന് ഒന്നു മുതൽ മൂന്നു പൊതി നെല്ലും (1 പൊതി 25 കിലോ) വർഷം തോറും പാട്ടം നൽകിയാണ് കൃഷി ചെയ്തിരുന്നത്.
ഇങ്ങനെ ലഭിച്ച പാട്ടഭൂമിയിൽ കരനെല്ലും കപ്പയുമായിരുന്നു ആദ്യം കൃഷി ചെയ്തിരുന്നത്. കൂടാതെ കുരുമുളക്, ഇഞ്ചി, വാഴ, ചേന, ചേമ്പ് തുടങ്ങി എല്ലാ കൃഷികളും മലബാറിൽ വ്യാപകമായി കുടിയേറ്റക്കാർ കൃഷി ചെയ്തു.
കാത്തിരുന്നത് ദുരിതവും ചൂഷണവും
വിവരണാതീതമായ ദുരിതങ്ങളും ദുരന്തങ്ങളുമായിരുന്നു മലബാറിൽ ആദ്യകാല കുടിയേറ്റക്കാരെ കാത്തിരുന്നത്. കുടിയേറ്റ ജനതയുടെ ആദ്യകാല കൃഷികളായ കപ്പയും നെല്ലും കാട്ടുപന്നിയും ആനകളും പൂർണമായും നശിപ്പിച്ചിരുന്നു. കാട്ടുപോത്ത്, മാൻ, കുരങ്ങ് തുടങ്ങിയ മൃഗങ്ങളും ഇത്തരത്തിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വിശപ്പടക്കാനുള്ള വകപോലും കിട്ടാതെ കാട്ടുകിഴങ്ങും ഇല്ലിയുടെ കൂമ്പും കാട്ടുപച്ചില വേവിച്ചതും കഴിച്ചാണ് ഇവർ പലപ്പോഴും ജീവൻ നിലനിർത്തിയിരുന്നത്. മലബാറിൽ കഞ്ഞിവയ്ക്കാൻ അരി ലഭിക്കാത്തതിനാൽ ഉണ്ടായിരുന്ന അല്പം അരി തുണിയിൽ കിഴി കെട്ടി ചൂടുവെള്ളത്തിൽ ഇട്ട് ആ കഞ്ഞി വെള്ളം കുടിച്ചു പലദിവസങ്ങളിലും വിശപ്പടക്കിയ കുടിയേറ്റക്കാർ ധാരാളമുണ്ടായിരുന്നു.
മലമ്പനി
മലബാറിന്റെ മലയോര മേഖലയിൽ വ്യാപകമായിരുന്ന മലമ്പനിയായിരുന്നു കുടിയേറ്റക്കാർ നേരിട്ട ഏറ്റവും വലിയ ദുരന്തം. ഒരു കുടുംബത്തിൽ തന്നെ എട്ടു മുതൽ 14 പേർ വരെ മലമ്പനി പിടിച്ചു മരിച്ച