റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ സമ്മേളനം ഈ മാസം 29ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി 31 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഏരിയാ പ്രസിഡന്റ് നടരാജന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര കമ്മിറ്റി അംഗവും ബദിയ ഏരിയ സെക്രട്ടറിയുമായ കിഷോർ ഇ. നിസാം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിസാർ റാവുത്തർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സമ്മേളനത്തിനായി രൂപകൽപ്പന ചെയ്ത ലോഗോ പരിപാടിയിൽ പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നിസാർ റാവുത്തറിനു കൈമാറി കൊണ്ട് രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ ലോഗോ പ്രകാശനം നിർവഹിച്ചു.
ദവാദ്മി ഏരിയ രക്ഷധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ മുസാഹ്മിയ രക്ഷധികാരി അംഗങ്ങളായ അനീസ് അബൂബക്കർ, ഗോപി, ജെറി തോമസ്, രാജേഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഏരിയ സെക്രട്ടറി സ്വാഗതവും സംഘടക സമിതി കൺവീനർ നൗഷാദ് ഗുവയ്യ നന്ദിയും പറഞ്ഞു.