കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ട്രംപിന്റെ അധികതീരുവ അമേരിക്കക്കാർക്കും അധിക ബാധ്യതയായി.
ഇതരരാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ് ഇറക്കിയ അധികതീരുവ, അധികബാധ്യതയായത് മുഖ്യമായും അമേരിക്കക്കാർക്കാണെന്നാണ് സൂചന. വിലക്കയറ്റവും തൊഴിൽനഷ്ടവും ഉയരുകയാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിക്കുകയും ചെയ്തു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. മിക്ക സുഹൃദ്രാജ്യങ്ങളെയും ട്രംപ് പിണക്കി. പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിനു പദ്ധതികളുണ്ടാവാം. പക്ഷേ, ആഗോള-ആഭ്യന്തര വിപണിയിലെ അരാജകത്വവും അതിനെ ചെറുക്കാൻ രൂപംകൊള്ളുന്ന പുതിയ അന്തർദേശീയ കൂട്ടുകെട്ടുകളും അമേരിക്കയെ തുണയ്ക്കുമോയെന്നു കാത്തിരുന്നു കാണണം.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, യുഎസ് കോൺഗ്രസിനാണെന്നും ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നുമാണ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട അധികാരം ദുരുപയോഗിച്ച് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്ന് കോടതി പറഞ്ഞു.
കീഴ്ക്കോടതി വിധിക്കെതിരേയുള്ള അപ്പീലിലാണ് തിരിച്ചടി. അധികതീരുവ കോടതി റദ്ദാക്കിയില്ല എന്നതാണ് ട്രംപിന്റെ ആശ്വാസം. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവസാനം അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്ന പ്രതിപക്ഷവും വിലക്കയറ്റത്തിന്റെയും തൊഴിൽനഷ്ടത്തിന്റെയും കെടുതി അനുഭവിക്കുന്ന ജനവും കോടതിയുമൊക്കെ അമേരിക്കതന്നെയാണെന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. ഭരണാധികാരിയുടെ തെറ്റായ തീരുമാനങ്ങളെ രാജ്യസ്നേഹത്തിന്റെ പരിചകൊണ്ടു തടയാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രം!
അധികതീരുവയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചത് വർഷാവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇതു കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനം കവിയുമെന്നുമാണ് വിദഗ്ധാഭിപ്രായം.
വൈദ്യുതി, തുണി, ചെരിപ്പ്, മുട്ട തുടങ്ങി പലതിനും ചെലവേറി. സാധാരണക്കാർക്ക് പ്രതിമാസ അധികച്ചെലവ് 2,400 ഡോളറായി. ട്രംപിന്റെ തീരുവനയത്തിന്റെ പ്രത്യാഘാതം നേരിട്ടുതുടങ്ങിയെന്ന് വൻകിട കന്പനികൾ പറഞ്ഞു. ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനറൽ മോട്ടോഴ്സ് വെളിപ്പെടുത്തി. ട്രംപ് ഭരണത്തിലെ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്.
അന്തർദേശീയ തലത്തിലും ട്രംപിന്റെ എടുത്തുചാട്ടം പ്രത്യാഘാതങ്ങളുണ്ടാക്കി. എഴുപതിലധികം രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ തീരുവയാണ് ട്രംപ് ചുമത്തിയത്. ഉയർന്ന ഇറക്കുമതിതീരുവ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ആരോപിച്ച് ഏറ്റവും വലിയ നിരക്കാണ് ഇന്ത്യക്ക് ഏർപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ആഭ്യന്തരമായും അന്തർദേശീയമായും ചടുലനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടെയും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയുമായി പുതിയ ബന്ധങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏഴു വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചു. റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനിലും സമ്മർദം ചെലുത്തുകയാണ്.
ട്രംപ് ഫ്രണ്ടല്ലെന്ന തിരിച്ചറിവിൽ, പ്രതിസന്ധിയെ അവസരമാക്കാനുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം വിജയിച്ചാൽ അമേരിക്കയ്ക്കു മേൽക്കൈ ഉണ്ടായിരുന്ന ലോകക്രമത്തിൽ മാറ്റമുണ്ടാകും. അത്, അമേരിക്കയുടെ സാന്പത്തിക- സൈനിക ആജ്ഞാശക്തിയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പുകൾക്കു മധ്യേയുള്ള കാലം പ്രതിപക്ഷം വിശ്രമത്തിന്റേതാക്കുന്ന അമേരിക്കൻ രാഷ്ട്രീയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ദുർബല പ്രതികരണത്തിൽ തെളിയുന്നത്. ആഗോളവത്കരണത്തിന്റെ വക്താവായിരുന്ന അമേരിക്കയെ തനിച്ചു വളരാമെന്നു കരുതുന്ന മൗഢ്യത്തിലേക്കാണ് ട്രംപ് നയിക്കുന്നത്. കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാവില്ലെന്നാണ് അവിടത്തെ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ട്രംപിനെ ഉപദേശിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയും സ്വന്തം പൗരന്മാരുടെയും പാർട്ടിയുടെയും കോടതികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് മുന്നോട്ട് നീങ്ങുന്നത്ര രാജ്യം പിന്നോട്ടു പോകുന്നതിന്റെ ലക്ഷണം ദൃശ്യമാണ്. ആഗോള ജനാധിപത്യ കെട്ടുറപ്പിൽ ട്രംപ് സൃഷ്ടിച്ച വിള്ളൽ നികത്താൻ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെത്തുന്നതും സമാന്തര കാഴ്ചയാണ്. ട്രംപ് തിരുത്തിയില്ലെങ്കിൽ പ്രശ്നം സാന്പത്തികം മാത്രമായിരിക്കില്ല.