പാലക്കാട്: കൊല്ലങ്കോട് ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊല്ലങ്കോട് പഴലൂർമുക്ക് സ്വദേശി രവിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കൊപ്പം മോഷണത്തിന് സഹായിച്ച പല്ലശ്ശന സ്വദേശി ശിവദാസൻ, കൊല്ലങ്കോട് സ്വദേശി രമേഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. ഔട്ട്ലെറ്റിനകത്ത് പ്രവേശിച്ചയാളാണ് കൊല്ലങ്കോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് പുറമേനിന്ന് സഹായം നൽകിയവരാണ് ശിവദാസനും രമേഷുമെന്നും പോലീസ് പറയുന്നു.
ഒരാൾ അകത്തുകയറി മദ്യമെടുക്കുകയും രണ്ടു പേർ ഔട്ട്ലെറ്റിന് പുറത്തു നിന്നുമാണ് മോഷ്ടിച്ചത്. അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്റെ നഷ്ടം കണക്കാക്കാനാകുമെന്ന് ഔട്ട്ലെറ്റ് മാനേജർ പറഞ്ഞു.
ഔട്ട്ലെറ്റിന്റെ ഒരു വശത്തെ ചുമർ പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. പത്ത് ചാക്കിലധികം മദ്യമാണ് മോഷണം പോയത്. ഓണ ദിവസം പുലർച്ചെ 2.30 നാണ് ഔട്ട്ലെറ്റിന്റെ പിൻഭാഗത്തെ ചുമർ തുരന്ന് മോഷ്ടാക്കൾ അകത്തു കയറിയത്.
അഞ്ചു മണിക്കൂർ സമയമാണ് മോഷ്ടാക്കൾ ഔട്ട്ലെറ്റിൽ ചെലവഴിച്ചത്. അവസാന ചാക്കുമെടുത്ത് പുറത്തിറങ്ങിയത് രാവിലെ 7.30 നായിരുന്നു. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിന്റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും കണ്ടെത്തിയിട്ടുണ്ട്.