ന്യൂഡൽഹി: കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഇന്ത്യൻ സൈന്യവും ജമ്മുകാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ഗുദ്ദാർ' എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.
ഇതിൽ രണ്ട് പേർ ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു. സുബൈദാർ പ്രഭത് ഗൗർ, ലാൻസ് നായിക് നരേന്ദ്ര സിന്ധു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരർ തങ്ങളുടെ സ്ഥാനങ്ങൾക്ക് നേരെ വെടിയുതിർത്തതിനെത്തുടർന്നാണ് ഏറ്റുമുട്ടലായി മാറിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരൻ റഹ്മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം വനമേഖലയിൽ പരിശോധന നടത്തുകയായിരുന്നു.