ഹൂസ്റ്റൺ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ ആശങ്കാജനകമാണെന്ന് എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ഇന്ത്യൻ ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമാണ് നൽകുന്നത്.
എന്നാൽ അടുത്ത നാളുകളായി വടക്കേ ഇന്ത്യയിൽ ക്രൈസ്തവർ അകാരണമായി ആക്രമിക്കപ്പെടുന്നതും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നതും വർധിച്ചു വരുന്നു. അടുത്തിടെ ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി ഒമ്പത് ദിവസം ജയിലിൽ അടച്ചു.
ഇത്തരം സംഭവങ്ങളിൽ ഐസിഇസിഎച്ച് ഭാരവാഹികൾ എല്ലാവരും പ്രത്യേക സമ്മേളനത്തിൽ ആശങ്ക പങ്കുവച്ചു. ഭയാശങ്കകൾ ഇല്ലാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ക്രൈസ്തവരെ അനുവദിക്കണെമെന്നും ഐസിഇസിഎച്ച് പ്രമേയത്തിൽ കൂടി അധികാരികളോട് അഭ്യർഥിച്ചു.
സെക്രട്ടറി ഷാജൻ ജോർജ് പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും എഴുന്നേറ്റു നിന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ നടത്തിയ പ്രതിഷേധ സമ്മേളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.