കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ലോകയുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിൻ ഉണ്ടായിരുന്നു. അന്ന് തൊട്ട് വലിയ ഇഷ്ടമാണ്. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാൽ ഇത്രത്തോളം ക്യൂട്ട് ആയിട്ടുള്ളൊരു ആളുണ്ടോ എന്നു തോന്നിപ്പോകും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടിൽ കൊണ്ടുപോകാൻ തോന്നും.
ചന്തുവിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അച്ഛനൊരു ഇതിഹാസമാണ്. ചന്തുവിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്, ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും. അരുൺ കുര്യൻ എന്റെ സഹോദരനായി യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഞാൻ പോലും റെക്കമന്റ് ചെയ്യാതെ സ്വന്തം കഴിവിലൂടെ ഇവിടെ വരെ എത്തിയ നടനാണ് അരുൺ.
നിമിഷും ഞാനും തമ്മിൽ വളരെ കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്നീഷ്യൻ ഫ്രണ്ട് എന്നു വേണമെങ്കിൽ നിമിഷിനെ വിളിക്കാം. ലോകയിലേക്ക് എന്നെ കൊണ്ടുവന്നത് നിമിഷ് ആണ്. കിംഗ് ഓഫ് കൊത്തയുടെ സമയത്ത് ആണ് ഇങ്ങനെയൊരു ഐഡിയയെക്കുറിച്ച് നിമിഷ് പറയുന്നത്. അവർ ഈ കഥ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പറഞ്ഞെന്നും അവർക്കൊന്നും ഇതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിർമാതാവല്ലേ? എന്നാണ് നിമിഷിനോടു ചോദിച്ചത്. അവൻ ഐഡിയ പറഞ്ഞു, കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഇതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ചെയ്തിരിക്കുമെന്നു പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിംഗ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി.
ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി.’’ദുൽഖർ സൽമാൻ പറഞ്ഞു.