റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയ ഏഴാമത് സമ്മേളനം സെപ്റ്റംബർ 26ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി 75 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രസിഡന്റ് കെ.വി. അലി അധ്യക്ഷത വഹിച്ചു.
ട്രഷറർ ജോസഫ് ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സംഘാടക സമിതി കൺവീനർ മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കലാ സാംസ്കാരിക കായിക മേഖലകളെ സ്പർശിച്ച് അനുബന്ധ പരിപാടികൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.