തിരുവനന്തപുരം: ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരവും വേദിയാകുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് നീക്കം.
ആർസിബിയുടെ ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഇന്നു വൈകുന്നേരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് മാറ്റുകയാണെങ്കില്‍ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്.
ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിനും തിരുവനന്തപുരം വേദിയാകും. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റംബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളുമുണ്ട്.