തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാജേഷ് കൃഷ്ണ 'അവതാര'മാണെന്നും പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയ ആളാണെന്നും സതീശന് പറഞ്ഞു.
കത്തുവിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും നേതാക്കൾ ഒഴിഞ്ഞു മാറുകയാണ്. രാജേഷിനും നേതാക്കള്‍ക്കും സുഹൃദ്ബന്ധമാകാം, സംശയകരമായ ഇടപാടുകളാണ് പ്രശ്നം. രാജേഷ് കൃഷ്ണ കേരളത്തിലെ പദ്ധതികളുടെ ഇടനിലക്കാരന് ആണോയെന്ന സംശയവും സതീശൻ ഉന്നയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം. രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണ വിധേയരായ ആരും പറഞ്ഞിട്ടുമില്ല. നേതാക്കളില്‍ തോമസ് ഐസക് മാത്രമാണ് എതിര്ത്തിരിക്കുന്നതെന്നും അദ്ദേഹത്തിനെതിരേ ഗുരുതര ആരോപണമില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്തെ പദ്ധതിയിലേക്ക് രാജേഷ് കൃഷ്ണ എന്തിന് പണമയച്ചു എന്നും അദ്ദേഹം ചോദിച്ചു.