മലപ്പുറം: മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി. സ്ഥിരം സാന്നിധ്യമുള്ള മണ്ണാര്‍മല മാട് റോഡ് ഭാഗത്താണ് പുലിയെ കണ്ടത്.
ശനിയാഴ്ച രാത്രി 7.19ന് പുള്ളിപ്പുലി സിസിടിവി കാമറക്ക് മുന്നിലെത്തിയത്. നാട്ടുകാര്‍ സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കാമറക്ക് സമീപമായാണ് ആടിനെ ഇരയാക്കി വച്ച് കെണി സ്ഥാപിച്ചിരിക്കുന്നത്.
മലമുകളില്‍ നിന്ന് ഇറങ്ങി വന്ന് കെണിയുടെ മുന്നില്‍ ഒരു മിനിറ്റോളം കിടന്നു വിശ്രമിച്ച് കെണിയുടെ സമീപത്തു കൂടി താഴെ ഭാഗത്തേക്ക് ഇറങ്ങി പോകുകയായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കെണിയില്‍ കുടുങ്ങാത്ത പുലിയെ മയക്കുവെടിവച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.