തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ. രമ. രാഹുലിനെ എംഎല്‍എ സ്ഥാനത്തു നിന്നു മാറ്റണോ എന്ന കാര്യത്തിൽ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും രമ കൂട്ടിച്ചേർത്തു.
മുകേഷ് എംഎല്‍എയ്ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍. ഈ വിഷയത്തിലും അതുതന്നെയാണ് നിലപാട്. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യേണ്ടതാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാകണമെന്ന സന്ദേശം നല്കാന് കോണ്‍ഗ്രസിന് സാധിച്ചുവെന്നും കെ കെ രമ പറഞ്ഞു.
സ്ഥാനമാനങ്ങളില്‍ നിന്ന് മാറിനിന്ന് രാഹുൽ അന്വേഷണം നേരിടണം. നിരപാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിനാണ്. അദ്ദേഹത്തെ ഷാഫി പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നില്ല. ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ പാർട്ടി സംരക്ഷിക്കാന്‍ തയാറാകുമെന്ന് കരുതുന്നില്ലെന്നും കെ.കെ രമ പറഞ്ഞു.